സുഭിക്ഷകേരളം കർഷക രജിസ്ട്രേഷൻ ആരംഭിച്ചു
Tuesday, May 26, 2020 12:32 AM IST
തിരുവനന്തപുരം: നെല്ല്, പഴം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ചെറുധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ മുന്നേറ്റം ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവരുടെ ഓണ്ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
25,000 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന കർഷകർ, യുവാക്കൾ, വിദേശത്തുനിന്നു മടങ്ങിയെത്തിയവർ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധസംഘടനകൾ, തുടങ്ങിവയർക്ക് aims/ kerala. gov.in/subhikdhakeralam എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നുകൃഷി ഡയറക്ടർ അറിയിച്ചു.
"റീബിൽഡ് കേരള ഇൻഷിയേറ്റീവ്’പദ്ധതി മുഖേന ആനുകൂല്യങ്ങൾ നൽകുന്നു
തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങൾ, കൊറോണ വൈറസ് ബാധ എന്നിവയാൽ പ്രതിസന്ധിയിലായ കർഷകർക്ക് കൈത്താങ്ങായി കേരള സർക്കാർ കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന "റീബിൽഡ് കേരള ഇൻഷിയേറ്റീവ്’ പ്രകാരം സംയോജിതകൃഷിക്കായി ആനുകൂല്യങ്ങൾ നൽകുന്നു. "ജൈവഗൃഹം’ എന്ന പ്രോജക്ടിലൂടെ സ്ഥലം, സമയം, ഊർജം എന്നിവ പരമാവധി ഉപയോഗപ്പെടുത്തി കൃഷി, മൃഗസംരക്ഷണം, കോഴിവളർത്തൽ, തേനീച്ച വളർത്തൽ മത്സ്യകൃഷി എന്നീ മേഖലകളിലെ കുറഞ്ഞത് അഞ്ചു സംരംഭങ്ങൾ സംയോജിപ്പിച്ച് കർഷകർക്ക് മെച്ചപ്പെട്ട സ്ഥായിയായ വരുമാനം ലഭ്യമാകത്തക്ക വിധമാണ് സംയോജിതകൃഷി നടപ്പിലാക്കുന്നത്. അഞ്ചു സെന്റ് മുതൽ രണ്ടു ഹെക്ടർവരെ കൃഷി സ്ഥലമുളളവർക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
തെരഞ്ഞെടുക്കപ്പെടുന്ന കർഷകരുടെ കൃഷിയിടം സന്ദർശിച്ച് ഫാം പ്ലാൻ തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ അവിടെ നടപ്പിലാക്കുന്ന ഘടകങ്ങളെ വിലയിരുത്തിയശേഷം അഞ്ചു മുതൽ 30 സെന്റ് വരെയുള്ളവർക്ക് 30,000 രൂപവരെയും 31 സെന്റ് മുതൽ 40 സെന്റ് വരെയുളളവർക്ക് 40,000 രൂപ വരെയും 40 സെന്റിനു മുകളിൽ രണ്ടു ഹെക്ടർ വരെയുളളവർക്ക് 50,000 രൂപവരെയും ആനുകൂല്യം ലഭിക്കും. നിലവിലുള്ള കൃഷിയിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ധനസഹായം നൽകും.
താല്പര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെട്ട് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണമെന്ന് തിരുവനന്തപുരം ആത്മ പ്രോജക്റ്റ് ഡയറക്ടർ അറിയിച്ചു.