കേരള കോണ്‍ഗ്രസ്-എം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി
Tuesday, May 26, 2020 1:01 AM IST
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ട് നേരിടുന്ന കർഷകരെ സഹായിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം ജോസ് കെ. മാണി വിഭാഗം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി.
നാലുവർഷത്തെ ഭരണത്തിനിടയിൽ കർഷകരെ അവഗണിച്ച പിണറായി സർക്കാർ കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനായി ഒന്നും ചെയ്തില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം. മാണി ധനമന്ത്രിയായിരിക്കേ ആരംഭിച്ച റബർ വില സ്ഥിരതാ പദ്ധതിയിൽ തുക വർധിപ്പിക്കാനായി സർക്കാർ ഒന്നും ചെയ്തില്ല. നാലുശതമാനം പലിശയ്ക്ക് കാർഷിക വായ്പ വേണ്ടെന്ന് റിസർവ് ബാങ്കിന് കത്തെഴുതിയ കൃഷി മന്ത്രി, വായ്പ ഇല്ലാതാക്കി കാർഷിക മേഖലയെ തകർത്തതായി ചെന്നിത്തല ആരോപിച്ചു.
നാലുശതമാനം പലിശയ്ക്ക് സ്വർണപ്പണയ കാർഷിക വായ്പ പുനഃസ്ഥാപിക്കണമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. ഈടു നൽകി കാത്തുനിന്നാലേ മറ്റ് വായ്പകൾ ലഭിക്കുകയുള്ളൂ. സ്വർണവുമായി ബാങ്കിലെത്തിയാൽ ഉടൻ വായ്പ ലഭിക്കുമെന്നതാണ് കാർഷിക സ്വർണപ്പണയ വായ്പയുടെ പ്രത്യേകത. കിസാൻ ക്രെഡിറ്റ് കാർഡിലൂടെ മാത്രമേ സ്വർണപ്പണയ വായ്പ നൽകാവൂ എന്നാണ് കൃഷി മന്ത്രി റിസർവ് ബാങ്കിന് കത്തു നൽകിയത്. പത്തുശതമാനം കർഷകർക്കു മാത്രമേ കിസാൻ ക്രെഡിറ്റ് കാർഡുള്ളൂ. കർഷകരെ രക്ഷിക്കാൻ അഞ്ചുലക്ഷം രൂപവരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ എന്നിവർ പ്രസംഗിച്ചു.