വൈദ്യുതി ബിൽ: ഫിക്സഡ് ചാർജിൽ ഇളവ്
Saturday, May 30, 2020 12:07 AM IST
തിരുവനന്തപുരം: വാണിജ്യ - വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ ആശുപത്രികളുടേയും ലോക്ക് ഡൗണ്‍ കാലയളവിലെ ( മാർച്ച്, ഏപ്രിൽ, മേയ് ) വൈദ്യുതിബില്ലിലെ ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകുന്നതിന് വൈദ്യുതി ബോർഡ് തീരുമാനിച്ചു.
ഫിക്സഡ് ചാർജിലെ ബാക്കി തുക അടയ്ക്കുന്നതിന് ഡിസംബർ വരെ സാവകാശം നൽകുന്നതിനും അതിന് ഈ കാലയളവിൽ പലിശ ഈടാക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ബിൽ തുക വർധിക്കുന്നതായുള്ള ഗാർഹിക ഉപയോക്താക്കളുടെ പരാതികൾ പരിശോധിക്കാൻ നിർദേശം നൽകി. ബിൽ തുക ഒന്നിച്ച് അടക്കുന്നതിന് പ്രയാസമുള്ള ഉപഭോക്താക്കൾക്ക് ലോക്ക് ഡൗണ്‍ കാലയലവിലെ വൈദ്യുതി ബില്ലുകളിൽ പകുതി അടച്ചാൽ ബാക്കി തുകയ്ക്ക് രണ്ടു തവണകൾ അനുവദിക്കുന്നതിനും തീരുമാനിച്ചു. ലോക്ക് ഡൗണ്‍ കാലയളവിൽ കുടുംബാംഗങ്ങളെല്ലാം വീടുകളിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധന ഉണ്ടായതെന്നു ബോർഡ് വിലയിരുത്തുന്നു.