കേരള സോഷ്യൽ സർവീസ് ഫോറം കോവിഡ് അതിജീവന കർമപദ്ധതി പ്രകാശനം ചെയ്തു
Sunday, July 5, 2020 12:48 AM IST
കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ മൂന്നു വർഷത്തേക്കുള്ള കോവിഡ് അതിജീവന പ്രവർത്തന കർമപദ്ധതി പ്രകാശനം ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ പ്രകാശന കർമം നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ പദ്ധതി വിശദീകരിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും സ്വരൂപിച്ച് വിദഗ്ധരുടെ സഹായത്തോടെ ചർച്ച ചെയ്താണ് മാർഗരേഖയ്ക്കു രൂപം നൽകിയത്. ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറിമാരായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് തറയിൽ, കേരള സോഷ്യൽ സർവീസ് ഫോറം മുൻ ഡയറക്ടർമാരായ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഡോ. റൊമാൻസ് ആന്റണി, പരിസ്ഥിതി വിദഗ്ധൻ ഡോ. വി.ആർ ഹരിദാസ്, ഡോ. റെജീന മേരി, ഡോ. ജോളി ജയിംസ്, ഡോ. കെ. ജി. റേ, എം. ജെ. ജോസ്, സിസ്റ്റർ ജെസീന എസ്ആർഎ, പി.ജെ. വർക്കി എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് മാർഗരേഖയ്ക്ക് അന്തിമരൂപം നൽകിയത്.