യുഎസ് പൗരത്വമുള്ളയാൾക്കു സ്റ്റാർട്ടപ് നിയമനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല
Friday, July 10, 2020 12:41 AM IST
തിരുവനന്തപുരം: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അമേരിക്കയിൽ പൗരത്വമുള്ള ഒരു വനിതയെ പിൻവാതിലിലൂടെ കേരള സ്റ്റാർട്ട്്പ് മിഷനിൽ നിയമിച്ചതെങ്ങനെയെന്നു സർക്കാർ വ്യക്തമാക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു ചട്ടവും പാലിക്കാതെയാണ് ഇവർക്ക് സീനിയർ ഫെലോ ആയി നിയമനം നൽകിയത്. ഇവർക്ക് സ്വന്തമായി അമേരിക്കയിൽ കന്പനി ഉണ്ടെന്നാണ് വിവരം.
അങ്ങനെയെങ്കിൽ കേരളത്തിലെ സ്റ്റാർട്ട്്പ് കന്പനികളുടെ താത്പര്യം എങ്ങനെ ഇവർക്ക് സംരക്ഷിക്കാൻ കഴിയുമെന്നു രമേശ് ചോദിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും മുഖ്യമന്ത്രി രാജിവച്ചു സിബിഐ അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മലയിൻകീഴ് ജംഗ്ഷനിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയല്ല വേണ്ടിയിരുന്നത്. കാബിനറ്റ് തീരുമാനമെടുത്ത് സിബിഐയെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.