സ്പേസ് ടെക്നോളജി കോണ്‍ക്ലേവും അന്വേഷിക്കണം: പ്രേമചന്ദ്രൻ
Saturday, July 11, 2020 1:25 AM IST
തിരുവനന്തപുരം: നയതന്ത്ര ഓഫീസുകളും അനുബന്ധ സൗകര്യങ്ങളും സ്വര്‍ണ കള്ളക്കടത്തിന് ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ നടത്തിയ സ്പേസ് ടെക്നോളജി കോണ്‍ക്ലേവ് എഡ്ജ് 2020 നെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എംപി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
സ്പേസ് ടെക്നോളജി കോണ്‍ക്ലേവ് എഡ്ജ് 2020 നടത്തിപ്പിന് പ്രധാന ചുമതലയിലുണ്ടായിരുന്ന വ്യക്തിയെ സംബന്ധിച്ച് നയതന്ത്ര ബന്ധങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ആരോപണങ്ങള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ബഹിരാകാശ രംഗത്തെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖരായ ശാസ്ത്രജ്ഞരും വിദഗ്ദരും പങ്കെടുത്ത പരിപാടിയായിരുന്നു സ്പേസ് ടെക്ക്നോളജി കോണ്‍ക്ലേവ് എഡ്ജ് 2020. ബഹിരാകാശ ഗവേഷണവും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെയും വ്യക്തികളെയും വിളിച്ചു ചേര്‍ത്ത പരിപാടി സംഘടിപ്പിക്കുവാന്‍ കളങ്കിതര്ക്കുള്ള സ്വാധീനത്തെ സംബന്ധിച്ച് അന്വേഷണം അനിവാര്യമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. കത്തില്‍ ആവശ്യപ്പെട്ടു.