നിയമസഭാ സമ്മേളനം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
Monday, July 13, 2020 12:55 AM IST
തിരുവനന്തപുരം: ധനബിൽ പാസാക്കുന്നതിനായി ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരാനുള്ള അന്തിമതീരുമാനം ഈ ആഴ്ചത്തെ മന്ത്രിസഭാ യോഗത്തിലെടുക്കും. ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തിനു പകരമായി ധനബിൽ പാസാക്കാനുള്ള സമയപരിധി 150 ദിവസം വരെ നീട്ടുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരുന്നതും ആലോചിക്കുന്നുണ്ട്.
സ്വർണക്കടത്തു കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവരുടെ ബന്ധത്തിന്റെ പേരിൽ സർക്കാർ പ്രതിരോധത്തിൽ നിൽക്കേ നിയമസഭാ സമ്മേളനം ചേർന്നാൽ പ്രതിഷേധമുയരാനുള്ള സാധ്യത പരിഗണിച്ചാണു സമ്മേളനം ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നത്. പ്രതികളുടെ നേതൃത്വത്തിൽ നെടുമങ്ങാട്ടു തുടങ്ങിയ സ്ഥാപനം ഉദ്ഘാടനം ചെയ്ത സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേയും പ്രതിപക്ഷ പ്രതിഷേധം ഉയർന്നേക്കാം. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ഒഴിവാക്കി പകരം ഓർഡിനൻസ് കൊണ്ടുവരാനുള്ള സാധ്യതയുടെ നിയമസാധുതയും പരിശോധിക്കുന്നുണ്ട്.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്യും. കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭയിലായിരുന്നു ഇക്കാര്യം തീരുമാനിക്കേണ്ടിയിരുന്നത്. എന്നാൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആയതിനാൽ മന്ത്രിസഭ ചേർന്നിരുന്നില്ല. നിയമസഭ ചേരാൻ തീരുമാനിച്ചാൽ 27നും 29നും ഇടയിലുള്ള തീയതികളിൽ ഒന്നാകും തെരഞ്ഞെടുക്കുക.