ചുവപ്പു നാടയിൽ കുരുങ്ങി
Sunday, August 2, 2020 12:15 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നതിൽ ഏറെയും തദ്ദേശ സ്വയംഭരണ- റവന്യു- വിദ്യാഭ്യാസ വകുപ്പുകളിലെ ഫയലുകൾ. കൂടാതെ ആഭ്യന്തര വകുപ്പിലും വലിയ തോതിൽ ഫയലുകൾ തീർപ്പാക്കാനുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ പൂർണ വിവരം ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ വ്യക്തമാകും.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അവധിയായതിനാൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. നാളെ ഓഫിസുകൾ പ്രവർത്തന സജ്ജമാകുന്നതോടെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിവര ശേഖരണം തുടങ്ങും.
എല്ലാ സെക്ഷൻ ഓഫിസർമാരും തിങ്കളാഴ്ച ഉച്ചയോടെ തീർപ്പാകാത്ത ഫയലുകളുടെ വിവരങ്ങൾ കൈമാറണമെന്നു വിവിധ വകുപ്പു സെക്രട്ടറിമാർ നിർദേശം നൽകി. കോവിഡിനു മുൻപു സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം ഫയലുകളാണു തീർപ്പാക്കാനുണ്ടായിരുന്നത്. മാർച്ച് 24നു സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം രണ്ടു മാസത്തോളം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം താറുമാറായിരുന്നു. നിലവിൽ രണ്ടു ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാനുണ്ടെന്നാണു വിലയിരുത്തൽ.
ലോക്ക്ഡൗണ്‍ ഇളവു നിലവിൽ വന്നശേഷം സർക്കാർ ഓഫിസുകളുടെ പ്രവർത്തനം ഭാഗികമായി തുടങ്ങിയെങ്കിലും തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ട്രിപ്പിൾ ലോക്ക്ഡൗണ്‍ വീണ്ടും സെക്രട്ടേറിയറ്റിൽ പ്രവർത്തനം നിലച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇപ്പോൾ സെക്രട്ടേറിയറ്റിൽ സന്ദർശക വിലക്കു കൂടി ഏർപ്പെടുത്തിയതോടെ ജനങ്ങൾക്കു സർക്കാരിൽ നിന്നു യാതൊരു സേവനവും ലഭിക്കാത്ത അവസ്ഥയായി.
തദ്ദേശ വകുപ്പിലടക്കം 50 ശതമാനം ജീവനക്കാർ ഹാജരാകണമെന്നു നിർദേശിച്ചെങ്കിലും പല ഓഫിസുകളിലും ജീവനക്കാരില്ലാത്ത അവസ്ഥവരെയുണ്ടായി. ഫയൽ സ്തംഭനത്തെ തുടർന്നു ജനജീവിതം ദുഷ്കരമായതോടെ ഇത് ഒഴിവാക്കുന്നതു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നാലിന് വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.
രാവിലെ 10.30നു വീഡിയോ കോണ്‍ഫറൻസ് വഴിയാണു യോഗം. സർക്കാരിന്റെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ശേഷിച്ചിരിക്കെ അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകളിൽ പോലും നടപടിയില്ല. ജീവനക്കാർ വീടുകളിലിരുന്നു ജോലി ചെയ്യുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതും കാര്യമായ തോതിൽ പ്രാവർത്തികമായില്ലെന്നാണു സർക്കാർ വിലയിരുത്തൽ.
തദ്ദേശ- റവന്യു- വിദ്യാഭ്യാസ ഫയലുകൾ