കോണ്ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം: രാഹുലിന് ചെന്നിത്തലയുടെ കത്ത്
Wednesday, August 12, 2020 12:50 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി കോണ്ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം രാഹുൽ ഗാന്ധിക്ക് കത്തയച്ചു.രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സാന്പത്തിക ഭദ്രതയും ഫെഡറൽ ഭരണ സംവിധാനങ്ങളും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ശക്തമായ ദേശീയ ബദലിനു രൂപം നൽകാൻ രാഹുൽ കോണ്ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കേണ്ടതുണ്ട്.
മുന്നോട്ടുള്ള യാത്രയ്ക്ക് അഭിനിവേശവും ഉൾപ്രേരണയുമില്ലാതെ, കേവലം ഭൂതകാലത്തിന്റെ തടവറയിൽ അഭയം തേടേണ്ട അവസ്ഥയിലാണ് ജനങ്ങളെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ, "ഇന്ത്യയെ കണ്ടെത്തൽ' എന്ന വിഖ്യാതകൃതി ഉദ്ധരിച്ച് ചെന്നിത്തല രാഹുലിനെ ഓർമിപ്പിച്ചു.
രാജ്യത്തിന്റെ സനാതന മൂല്യങ്ങളെയാണ് സാന്പത്തികസ്വാധീനവും അധികാര ദുർവിനിയോഗവും മൂലം നരേന്ദ്ര മോദി - അമിത്ഷാ കൂട്ട്കെട്ട് വെല്ലുവിളിക്കുന്നത്. കർണാടകയിലും മധ്യപ്രദേശിലും ജനങ്ങൾ തെരഞ്ഞെടുത്ത കോണ്ഗ്രസ് സർക്കാരുകളെപ്പോലും അവർ പണം മുടക്കി അട്ടിമറിച്ചു. രാജസ്ഥാനിലും സമാന നീക്കങ്ങളുണ്ടായി. എന്നാൽ, രാഹുലിന്റെ അവസരോചിതമായ നടപടി മൂലം രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ നിലനിർത്താനായെന്ന് ചെന്നിത്തല കത്തിൽ ഓർമിപ്പിച്ചു.
2019 ലെ ദേശീയ തെരഞ്ഞെടുപ്പിൽ യുപിഎയുടെ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്ഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതു വഴി ഉന്നതമായ രാഷ്ട്രീയ കുലീനത്വമാണ് രാഹുൽ കാണിച്ചതെന്നും അന്നെത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ സമയമായെന്നും രമേശ് കത്തിൽ ചൂണ്ടിക്കാട്ടി.