മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽ ചാടി ഗോമതിയുടെ പ്രതിഷേധം
Friday, August 14, 2020 12:34 AM IST
മൂന്നാർ: പെട്ടിമുടി ദുരന്ത ഭൂമി സന്ദർശിച്ചു മടങ്ങിവന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്പിൽ ചാടി പെന്പിള ഒരുമൈ മുൻ നേതാവ് ഗോമതി അഗസ്റ്റിന്റെ പ്രതിഷേധം. എങ്കളുക്ക് ഉങ്കളൈ പാക്കണം. തൊഴിലാളികളുക്ക് ഭൂമി വേണം എന്നിങ്ങനെയുളള മുദ്യാവാക്യം വിളിച്ചായിരുന്നു വാഹനത്തിന്റെ മുന്നിലേക്ക് ചാടിയത്. മുഖ്യമന്ത്രിയും സംഘവും വന്നിറങ്ങിയ ചെങ്കുളം മുതൽ പെട്ടിമുടിവരെ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഗോമതി ടൗണിലെത്തി മുഖ്യമന്ത്രിയുടെ വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയിൽ കുത്തിയിരുന്നു. അരമണിക്കൂറോളം കുത്തിയിരുന്ന ഇവരെ വനിതാ പോലീസെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ബലപ്രയോഗത്തിലൂടെ മാറ്റിത്.
വനിതാ പോലീസുകാരുടെ എണ്ണം കുറവായതാണ് റോഡിൽ കുത്തിയിരുന്ന ഗോമതിയെ മാറ്റാൻ പോലീസിന് പെട്ടെന്ന് കഴിയാതിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ പോലീസെത്തിയാണ് ബലപ്രയോഗത്തിലൂടെ ഗോമതിയെ മാറ്റി മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകാൻ വഴിയൊരുക്കിയത്. തോട്ടംതൊഴിലാളികളുടെ ശന്പളവും ബോണസും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിൽ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നായിരുന്നു മുഖ്യ ആവശ്യം.
എന്നാൽ വർഷങ്ങൾ പിന്നിടുന്പോഴും സർക്കാർ നടപടികൾ സ്വീകരിച്ചില്ല. പാർട്ടി സെക്രട്ടറിയായിരിക്കെ തൊഴിലാളികളുടെ ആവശ്യങ്ങൾ കേട്ടറിയാനാണ് പിണറായി വിജയൻ ആദ്യമായി മൂന്നാറിലെത്തിയത്. വീണ്ടുമെത്താൻ പെട്ടിമുടിയിലെ ദുരന്തരംവരെ കാത്തിരിക്കേണ്ടിവന്നുവെന്നാണ് ഗോമതി ആരോപിച്ചത്. പിന്നീട് ഇവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.