കസ്റ്റഡിമരണം: കേസെടുക്കാനുള്ള തീരുമാനം ആശ്വാസം, അറസ്റ്റും തുടർനടപടികളും നടക്കട്ടെയെന്ന് കുടുംബം
Friday, August 14, 2020 11:41 PM IST
പത്തനംതിട്ട: ചിറ്റാറിൽ മത്തായിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് വനപാലകർക്കെതിരെ കേസെടുക്കാനുള്ള പോലീസ് തീരുമാനത്തിൽ വൈകിയെങ്കിലും നീതി കിട്ടുമെന്ന ആശ്വാസം കുടുംബം പ്രകടിപ്പിച്ചു.
എന്നാൽ പ്രതികളുടെ പേരുവിവരം റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതിൽ സംശയങ്ങൾ അവശേഷിക്കുകയാണെന്ന് മത്തായിയുടെ ഭാര്യ ഷീബാമോളും അഭിഭാഷകൻ ജോണി കെ. ജോർജും പറഞ്ഞു. നടപടികൾ വീണ്ടും വൈകിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. കേസന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ഷീബാമോൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 21നു കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്പ് ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കേസിൽ അറസ്റ്റും തുടർനടപടികളും ഉണ്ടാകുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. കഴിഞ്ഞ 18 ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ മത്തായിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.