വിമര്‍ശനം കോടതിയലക്ഷ്യമല്ല: ജസ്റ്റീസ് കുര്യന് ജോസഫ്
Saturday, September 19, 2020 1:08 AM IST
കളമശേരി: നീതിന്യായ വ്യവസ്ഥയെ വിമര്‍ശിക്കുന്നതും കോടതി വിധികളെയും ജുഡീഷല്‍ സംവിധാനത്തിന്റെ തെറ്റായ പ്രവണതകളെയും ചൂണ്ടിക്കാട്ടുന്നതും കോടതി അലക്ഷ്യമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്. കോടതി മുറിയില്‍ ന്യായാധിപനെ അവഹേളിക്കുന്നപോലെ ചുരുക്കം ചില നടപടികള്‍ കോടതി അലക്ഷ്യമായി പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ദേശീയ നിയമ സര്‍വകലാശാലയായ നുവാല്‍സിൽ ക്രിമിനല്‍ കോടതി അലക്ഷ്യത്തെക്കുറിച്ചു നടന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റീസ് കുര്യന് ജോസഫ്. സുപ്രീംകോടതി ഒരാള്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കുമ്പോള്‍ പ്രോസിക്യൂട്ടറിന്റെ സ്ഥാനത്ത് അറ്റോർണി ജനറല്‍ ആണെന്നിരിക്കേ പ്രശാന്ത് ഭൂഷനെ കുറ്റക്കാരനാണെന്നു വിധിക്കുന്നതിന് മുന്‍പ് അറ്റോർണി ജനറലിന്റെ അഭിപ്രായം ആരായാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.