സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
Saturday, September 19, 2020 11:54 PM IST
തൊടുപുഴ: വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. അഞ്ചിരിക്കവല ചീന്പാറയിൽ സി.കെ.ജമാലാണ് (54) മരിച്ചത്. കഴിഞ്ഞ ഒൻപതിന് മീൻമുട്ടിയിലായിരുന്നു അപകടം. മീൻമുട്ടി പുൽപ്പറന്പിൽ ജോബിയുടെ വീട്ടുമുറ്റത്തേയ്ക്കാണ് കനത്ത മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്. ഈ സമയം ജമാലടക്കം നാല് തൊഴിലാളികൾ ഇവിടെ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു. അയൽവാസിയുടെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയുടെ അടിഭാഗം ബലപ്പെടുത്തുന്നതിനിടെ 12 അടി ഉയരത്തിൽ നിന്ന് കൽകെട്ട് ഇടിഞ്ഞ് വീഴുകയായിരുന്നു.
കല്ലിനും മണ്ണിനുമടിയിൽപ്പെട്ട ജമാൽ, ഇടവെട്ടി സ്വദേശി അന്ത്രു (55) എന്നിവരെ ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. തലക്ക് ഗുരുതര പരിക്കേറ്റ ജമാൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: അജ്മി, അൻസ മോൾ. മരുമക്കൾ: യൂനുസ്, മാഹിൻ.