സ്വപ്നയ്ക്കും റമീസിനും തൃശൂർ മെഡിക്കൽ കോളജ് വേണ്ട
Sunday, September 20, 2020 12:06 AM IST
തൃശൂർ: തങ്ങളെ ഇനി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിപ്പിക്കരുതെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റണമെന്നും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും കെ.ടി. റമീസും എൻഐഎ കോടതിയിൽ അപേക്ഷിച്ചു. എന്നാൽ, കോടതി ഇവരുടെ അപേക്ഷ നിരസിച്ചു.
വിയ്യൂർ വനിതാ ജയിലിൽനിന്ന് സ്വപ്നയെ രണ്ടു തവണയും ഹൈെടെക് സെക്യൂരിറ്റി ജയിലിൽനിന്ന് റമീസിനെ ഒരു തവണയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു തവണയും നെഞ്ചുവേദനയെന്നു പറഞ്ഞാണ് സ്വപ്നയെ ആശുപത്രിയിലാക്കിയത്. വയറുവേദനയും ദേഹാസ്വാസ്ഥ്യവും പറഞ്ഞാണ് റമീസിനെ മെഡിക്കൽ കോളജിലെത്തിച്ചത്.
കാര്യമായ തകരാറൊന്നും രണ്ടുപേർക്കും ചികിത്സയിലും പരിശോധനകളിലും കണ്ടെത്താനായില്ല. ആൻജിയോഗ്രാം നടത്തേണ്ടെന്നു പറഞ്ഞ് സ്വപ്ന ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.