ഖുറാന്റെ പേരിൽ മുഖ്യമന്ത്രി വർഗീയരാഷ്ട്രീയം കളിക്കുന്നു: കെ. സുരേന്ദ്രൻ
Monday, September 21, 2020 12:38 AM IST
തിരുവനന്തപുരം: ഖുറാന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയരാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
മതവികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞു ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പു നടത്തുന്ന പിണറായി വിജയന്റെ നിലപാട് സംസ്ഥാനത്ത് വലിയ പ്രത്യാഘാതമുണ്ടാക്കും. ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ മുഖ്യമന്ത്രിയും സർക്കാരും വികാരം ഒരുകൂട്ടർക്കു മാത്രമുള്ളതാണോയെന്ന് വ്യക്തമാക്കണം.
നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് സിപിഎമ്മിലെ ഹിന്ദുക്കൾ ചിന്തിക്കണം. അവരാണല്ലോ പാർട്ടിയെ താങ്ങിനിർത്തുന്നത്. അവർക്കാർക്കും വിചാര-വികാരങ്ങളില്ലേ? അതോ അവർ പാർട്ടിയുടെ അടിമകൾ മാത്രമാണോ? മുഖ്യമന്ത്രി വർഗീയത പറഞ്ഞതോടെ യുഡിഎഫ് ജലീലിനെതിരെയുള്ള സമരത്തിൽ നിന്നു ഭയന്ന് പിന്മാറുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.