രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രതിഷേധ ഉപവാസം ഇന്ന്
Wednesday, September 23, 2020 12:27 AM IST
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടു കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയതല പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക നേതാക്കളുടെ ഉപവാസം ഇന്നു കൊച്ചിയിൽ നടക്കും.
റിസർവ് ബാങ്കിനു മുമ്പില്‍ രാവിലെ 10ന് ആരംഭിക്കുന്ന പ്രതിഷേധ ഉപവാസം ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ വി. വി. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. ഉപവാസ സമരത്തോടനുബന്ധിച്ച് കര്‍ഷകവിരുദ്ധ നിയമം കത്തിക്കും.
കര്‍ഷകവിരുദ്ധ കരിനിയമം റദ്ദു ചെയ്യുക, കാര്‍ഷിക കടം എഴുതിത്തള്ളുക, പരിസ്ഥിതി ലോല ബഫര്‍സോണ്‍ പിന്‍വലിക്കുക, കര്‍ഷക ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക എന്നിവയാണ് കേരളത്തിലെ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. 25ന് പഞ്ചായത്തുതല പ്രതിഷേധങ്ങള്‍ നടക്കുമെന്നു മഹാസംഘ് സംസ്ഥാന കമ്മിറ്റി ചെയര്മാന് ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.