ഇടുക്കിയിൽ ഇന്നു ബ്ലൂ അലർട്ടിനു സാധ്യത
Saturday, September 26, 2020 12:25 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ബ്ലൂ അലർട്ടിനരികെ. ഇന്നലെ വൈകുന്നേരം നാലിനു ലഭിച്ച കണക്കനുസരിച്ച് .03 അടി കൂടി ഉയർന്നാൽ അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 2387.68 അടിയാണ്. 2387.98 അടിയിലെത്തുന്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുന്നത്.
അണക്കെട്ടിൽ 87.17 ശതമാനം വെള്ളമുണ്ട്.ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ പദ്ധതി പ്രദേശത്ത് 9.2മില്ലിമീറ്റർ മഴ പെയ്തു. ഇന്നലെ പകൽ സമയത്തും വൃഷ്ടിപ്രദേശത്ത് ഭേദപ്പെട്ട മഴ ലഭിച്ചു.അതിനാൽ ഇന്നു ഉച്ചയോടെ ബ്ലൂ അലർട്ട് ലെവലിലേക്ക് ജലനിരപ്പ് ഉയരാനുള്ള സാധ്യതയാണുള്ളതെന്ന് കെഎസ്ഇബി വ്യക്തമാക്കി.