കോവിഡ് കുതിക്കുന്നു; ഇന്നലെ 6,477 പേർക്ക്
Saturday, September 26, 2020 1:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിപ്പ് തുടരുന്നു. ഇന്നലെ 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്.
ഇന്നലെ 56,057 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്കു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പരിശോധനയാണിത്. കഴിഞ്ഞ രണ്ടു ദിവസം പരിശോധനയുടെ എണ്ണം അരലക്ഷത്തിലധികമായപ്പോഴാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരത്തിലധികമായത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.28 ശതമാനമാണ്.
3481 പേർ ഇന്നലെ രോഗമുക്തി നേടി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗമുക്തിയാണിത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം മരണസംഖ്യയും കൂടുകയാണ്. ഇന്നലെ 22 മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 635 ആയി.
ഇന്നലെ 5418 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 713 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. രോഗബാധിതരായ 80 ആരോഗ്യ പ്രവർത്തകരെ കൂടി കൂട്ടുന്പോൾ സന്പർക്ക പകർച്ചാനിരക്ക് 95.89 ശതമാനമാണ്. 58 പേർ വിദേശ രാജ്യങ്ങളിൽനിന്നും 198 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.
നിലവിൽ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,11,331 പേർ ഇതുവരെ രോഗമുക്തി നേടി. 2,15,691 പേർ നിരീക്ഷണത്തിലുണ്ട്. 12 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടുകളാക്കി.