ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
Tuesday, September 29, 2020 1:07 AM IST
മലപ്പുറം: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതിയുടെ രണ്ടുഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പോലീസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കൊണ്ടോട്ടി സ്വദേശി എൻ. സി. മുഹമ്മദ് ശെരീഫ് - ഷഹ്ല തസ്നി ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയെത്തിയത്.
പിന്നീട് കോട്ടപ്പറമ്പ് ആശുപത്രിയിലെത്തി. തുടർന്ന് ഓമശേരിയിലെ സ്വകാര്യാശുപത്രിയിലെത്തി. മൂന്നിടത്തും ചികിത്സ നിഷേധിക്കപ്പെട്ടു.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.