കേന്ദ്രസര്‍ക്കാര്‍ അവകാശങ്ങളെ തകര്‍ക്കുന്നു: ഉമ്മന്‍ ചാണ്ടി
Wednesday, September 30, 2020 1:04 AM IST
തിരുവനന്തപുരം: ജനാധിപത്യ അവകാശങ്ങളെ കേന്ദ്രസര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സാമാജികത്വത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ കെപിസിസി ആദരിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ കൂടിയാലോചനകള്‍ ഒന്നും നടത്തുന്നില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം മുഖ വിലയ്ക്കെടുക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നു. ഭരണഘടനയ്ക്കും ഫെഡറല്‍ സംവിധാനങ്ങള്‍ക്കും വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളെ തുറന്നു കാട്ടുകയെന്ന ഉത്തരവാദിത്തമാണ് കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹികള്‍ക്കുള്ളത്. പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇവിടെ അഭിപ്രായവ്യത്യാസങ്ങള്‍ക്കു സ്ഥാനമില്ലെന്നും സാമാജികനെന്ന നിലയില്‍ കഴിഞ്ഞ അമ്പതുവര്‍ഷമായി തനിക്കു കിട്ടിയ ആദരവ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള അംഗീകാരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.