സംസാരശേഷിയില്ലാത്ത നാലു വയസുകാരി കിണറ്റിൽ വീണു മരിച്ചു
Monday, October 26, 2020 1:24 AM IST
കടുത്തുരുത്തി: മുത്തച്ഛനും മുത്തശിക്കുമൊപ്പം താമസിച്ചിരുന്ന ഓട്ടിസം ബാധിച്ച (സംസാരശേഷിയില്ലാത്ത) നാലു വയസുകാരി കിണറ്റിൽ വീണു മരിച്ചു. അയർലൻഡിൽ ജോലി ചെയ്യുന്ന അടിമാലി സ്വദേശികളായ ജോമി -നിഷ ദന്പതികളുടെ ഇളയ മകൾ മിയ(നാല്) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30നു കോതനല്ലൂരിലാണ് അപകടം.
മാതാപിതാക്കൾ വിദേശത്തായതിനാൽ മിയ താമസിച്ചിരുന്നത് പിതാവ് ജോമിയുടെ മാതാപിതാക്കളായ ജോസിന്റെയും മേരിയുടെയും സംരക്ഷണയിലായിരുന്നു. മിയയുടെ പഠന സൗകര്യത്തിനായി ഏതാനും മാസം മുന്പാണ് കോതനല്ലൂരിൽ ഇവർ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഈ വീടിനു സമീപമുള്ള വീട്ടിലെ കിണറ്റിൽ വീണാണ് കുഞ്ഞ് മരിച്ചത്. അയൽ വീട്ടിൽനിന്നും കറിവേപ്പില വാങ്ങി മടങ്ങുന്നതിനിടെ മുത്തച്ഛന്റെ കൈവിട്ട് വീട്ടിലേക്ക് ഓടിപ്പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കിണറിനു സമീപത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ ചുവട്ടിൽ ചെരുപ്പു കണ്ട് നടത്തിയ തെരച്ചിലിൽ കുട്ടിയെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. സമീപത്തുള്ളവർ ചേർന്ന് പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോട്ടോറിന്റെ പൈപ്പിൽ കയറി നിന്ന് കിണറ്റിലേക്ക് നോക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീണാകാം അപകടമെന്നാണു കരുതുന്നത്.
നവംബർ 13ന് മിയയെ വിദേശത്തേക്ക് കൊണ്ടുപോകാനായി മൂന്നു ദിവസം മുന്പാണ് അമ്മ നിഷ നാട്ടിലെത്തിയത്. ഇവർ അടിമാലിയിലെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെയാണ് കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്.
മിയയുടെ പത്ത് വയസുകാരനായ സഹോദരൻ പിതാവിനൊപ്പം വിദേശത്താണ്. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദ്ദേഹം ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.