റാന്നിയില്‍ ഷോക്കേറ്റ് റബര്‍ നേഴ്സറി ജീവനക്കാരന് മരിച്ചു
Tuesday, October 27, 2020 12:36 AM IST
റാന്നി: പഴവങ്ങാടി മാടത്തുംപടിയിലെ സ്വകാര്യ റബർ നേഴ്സറിയിലെ ജീവനക്കാരന് 11 കെവി ലൈനില്‍ ഇരുമ്പ് പൈപ്പ് തട്ടി ഷോക്കേറ്റ് മരിച്ചു. പൊന്‍കുന്നം കൂരാലി ഇളംങ്ങുളം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന് നായരുടെ മകന് എ.ജി പ്രദീപ് കുമാറാണ് (39) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
നേഴ്സറിയിലെ ഡ്രൈവറായ പ്രദീപ് വാഹനം ഷെഡില്‍ കയറ്റി ഇടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം. ഉപയോഗ ശ്യൂന്യമായ പഴയ ഷെഡില്‍ ഉണ്ടായിരുന്ന വലിയ പൈപ്പ് എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ 11 കെവി ലൈനില്‍ മുട്ടുകയായിരുന്നു. എസ്സി പടി മുതല്‍ വയലിലൂടാണ് 11 കെവി ലൈന്‍ പോകുന്നത്. നേഴ്സറി തുടങ്ങാന്‍ വയല്‍ മണ്ണിട്ട് നികത്തിയതാണ്. ഇതോടെ ഭൂമിയും ലൈനും തമ്മിലുള്ള പൊക്കം കുറഞ്ഞതും അപകടത്തിന് കാരണമായി. നേഴ്സറിയിലെ ചെടികള്‍ക്ക് സൂര്യ പ്രകാശം നേരിട്ടേല്‍ക്കാതിരിക്കാന്‍ ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് മറ തീര്‍ത്തിട്ടുണ്ട്. ഇത്തരത്തിലുപയോഗിച്ച പൈപ്പാണ് മരണകാരണമായത്.
സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് ടെസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: അശ്വതി വലിയപറന്പിൽ കുടുംബാംഗം. മക്കള്‍: ആരാധിക, അഖില, അനശ്വര. (മൂവരും ഇളങ്ങുളം കെവി എൽപിജി സ്കൂൾ വിദ്യാർഥിനികൾ).