പിന്നാക്ക സമുദായങ്ങളോടുളള അവഗണന തിരുത്തണം: ലത്തീന്‍ സമുദായ സംഘടനകള്‍
Wednesday, October 28, 2020 12:44 AM IST
കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക്, നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി പ്രകാരം ഉദ്യോഗ-വിദ്യാഭ്യാസ സംവരണം കേരളത്തില്‍ ഏര്‍പ്പെടുത്തിയതു വസ്തുനിഷ്ഠവും വിശദവുമായ പഠനം നടത്താതെയാണെന്നു കെആര്‍എല്‍സിസി വിളിച്ചുചേര്‍ത്ത ലത്തീന്‍ കത്തോലിക്കാ സമുദായ നേതൃയോഗം വിലയിരുത്തി. ഭരണഘടനാ ഭേദഗതി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതു പരിഗണിക്കാതെ, മുന്നാക്കസംവരണം ധൃതിപിടിച്ച് അശാസ്ത്രീയമായ രീതിയില്‍ കേരളത്തില്‍ നടപ്പാക്കിയ രീതി പ്രതിഷേധാര്‍ഹമാണെന്നു യോഗം ചൂണ്ടിക്കാട്ടി.
പിഎസ് സിയില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തും മുമ്പു സംവരണത്തിന്റെ നേട്ടവും ഗുണവും പിന്നാക്ക സമുദായങ്ങള്‍ക്ക് എത്രമാത്രം ലഭിച്ചുവെന്ന പഠനം നടത്തി, ഉദ്യോഗസ്ഥരുടെ ജാതി അടിസ്ഥാനത്തിലുള്ള ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നു ലത്തീന്‍ സമുദായ സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു.
സംവരണനഷ്ടത്തെക്കുറിച്ചും അര്‍ഹമായതു ലഭിക്കാത്തതിനെക്കുറിച്ചും കെആര്‍എല്‍സിസി ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായ സംഘടനകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയുള്ളതാണ്. അവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായിരുന്നെങ്കില്‍ പിന്നാക്ക വിഭാഗങ്ങളിലുണ്ടായിട്ടുള്ള വലിയ അസംതൃപ്തി ഒഴിവാക്കാമായിരുന്നു.
ജാതി തിരിച്ചുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ കണക്കുകള്‍ ജാതിസംവരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കും. നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിനു ശേഷവും പിന്നാക്ക സമുദായങ്ങള്‍ക്ക് നീതി നല്കാന് സംസ്ഥാനത്തു ശക്തമായ നടപടികളുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നീതിക്കുവേണ്ടിയുളള പിന്നാക്ക സമുദായങ്ങളുടെ യോജിച്ച ശ്രമങ്ങളില്‍ ലത്തീന്‍ സമുദായവും പങ്കുചേരും.
യോഗത്തില്‍ കെ ആര് എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു.