കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം: കുറ്റപത്രം സമർപ്പിച്ചു
Wednesday, October 28, 2020 1:16 AM IST
പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലൻസിൽ മാനഭംഗത്തിനിരയായ സംഭവത്തിൽ അന്വേഷണസംഘം പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ആംബുലൻസ് ഡ്രൈവറായിരുന്ന കായംകുളം സ്വദേശി നൗഫൽ കോവിഡ് രോഗിയായ പത്തൊന്‍പതുകാരിയെ മാനഭംഗത്തിനിരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെപ്റ്റംബർ അഞ്ചിനു രാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസിൽ അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 540 പേജുള്ള കുറ്റപത്രത്തിൽ 94 സാക്ഷികളാണുള്ളത്. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ടു വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയത്.
അടൂരിൽനിന്നു പന്തളത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു പെൺകുട്ടിയെ കൊണ്ടുപോകാനാണ് ആംബുലൻസ് എത്തിയത്. ആംബുലൻസിൽ മറ്റൊരു സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ഇറക്കിയശേഷമാണ് ഡ്രൈവർ നൗഫൽ പെൺകുട്ടിയുമായി പന്തളത്തേക്കു പോയത്. ആറന്മുളയിലെത്തിയപ്പോൾ വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയാണ് പീഡനത്തിനിരയാക്കിയത്.