കേരള ഹൗസിൽ ഡിഐജി റാങ്കിൽ പ്രത്യേക തസ്തിക
Saturday, October 31, 2020 1:25 AM IST
തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ പേരിൽ ഡൽഹി കേരള ഹൗസിൽ ഡിഐജി റാങ്കിൽ ഓഫിസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി തസ്തിക സൃഷ്ടിച്ചു സർക്കാർ. തൃശൂർ പോലീസ് അക്കാദമി പരിശീലന വിഭാഗം ഡിഐജി നീരജ് കുമാർ ഗുപ്തയെ പുതിയ തസ്തികയിൽ നിയമിക്കുകയും ചെയ്തു. ഭരണ തലപ്പത്തെ ചില ഉന്നതരുടെ വ്യക്തിപരവും രാഷ്ട്രീയവുമായ താൽപര്യ സംരക്ഷണത്തിന്റെ ഭാഗമായാണു പുതിയ തസ്തിക സൃഷ്ടിച്ചതെന്ന ആക്ഷേപവും വ്യാപകമായി.
റസിഡന്റ് കമ്മീഷണറുടെ ഓഫീസിൽ 1,31,100- 2,16,600 ശന്പള സ്കെയിലിലാണ് ഒരു വർഷത്തേയ്ക്കാണു പുതിയ എക്സ് കേഡർ തസ്തിക സൃഷ്ടിച്ചിരിക്കുന്നതെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കേഡർ തസ്തികയോ ഡിഐജി അഡ്മിനിസ്ട്രേഷനു തുല്യവുമായ ഉത്തരവാദിതത്വങ്ങളുമാണു പുതിയ തസ്തികയ്ക്കുള്ളത്. റസിഡന്റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് ഓഫിസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി പ്രവർത്തിക്കേണ്ടത്.