ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
Saturday, November 21, 2020 1:13 AM IST
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്നയുടെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെടുത്ത പണം ശിവശങ്കറിന്റേതാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തുമായോ കള്ളപ്പണവുമായോ തനിക്കു ബന്ധമുണ്ടെന്നു തെളിയിക്കുന്ന വസ്തുതകള്‍ അന്വേഷണസംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നു ശിവശങ്കറിന്റെ ഹര്‍ജിയില്‍ പറയുന്നു.
ഒമ്പതാം തവണ രേഖപ്പെടുത്തിയ സ്വപ്നയുടെ മൊഴിയിലാണു ശിവശങ്കറിനു സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന മൊഴിയുള്ളതെന്നും ഹർജിയിൽ പറയുന്നു. ഇതു തെളിവുണ്ടാക്കാൻ മനഃപൂർവം സൃഷ്ടിച്ചതാണ്. 15 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ്. കടുത്ത നടുവേദനയുണ്ട്. ആശുപത്രിയില്‍നിന്നു ബലം പ്രയോഗിച്ച് ഡിസ്ചാര്‍ജ് ചെയ്താണ് അറസ്റ്റ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.
ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ശിവശങ്കര്‍ നല്കിയ ജാമ്യ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ 17നു തള്ളിയിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചേക്കും.