അനധികൃത ബാനറുകള്‍: നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Sunday, November 22, 2020 12:48 AM IST
കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ അനധികൃത ബാനറുകള്‍, കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പൊതുസ്ഥലങ്ങളില്‍ അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. മുമ്പ് ഹൈക്കോടതി നല്കിയ നിര്‍ദേശങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും ഇതു നടപ്പാക്കുന്നില്ലെന്നും അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന് ഒക്ടോബര്‍ 28ന് ഇറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി. ഹൈക്കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ സമഗ്രമായി സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ഇതു കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.