ബാർ കോഴ കേസ്: തെളിവില്ലെന്ന നിലപാടിൽ മാറ്റമില്ല: വിൻസൻ എം. പോൾ
Sunday, November 22, 2020 12:50 AM IST
തിരുവനന്തപുരം: ബാർ കോഴക്കേസിൽ തെളിവില്ലെന്ന തന്റെ നിലപാട് ആവർത്തിച്ച് മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനത്തുനിന്നു വിരമിച്ച മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോൾ.
വിജിലൻസ് ഡയറക്ടറായിരിക്കെ ബാർ കോഴക്കേസിൽ തന്റെ മുന്നിലെത്തിയ ഫയലുകൾ പൂർണമായും പരിശോധിച്ച ശേഷമാണ് കേസെടുക്കാൻ തെളിവില്ലെന്ന് നിലപാടെടുത്തത്. എന്നാൽ കേസ് എഴുതിത്തള്ളാൻ ഒരിക്കലും നിർദേശിച്ചിട്ടില്ല.
ഇക്കാര്യത്തിൽ രാഷ്ട്രീയമായി വിവാദങ്ങൾ ഉണ്ടാക്കാനാണ് എല്ലാവരും ശ്രമിച്ചത്. അല്ലാതെ ഫയലുകളിലെ വിവരങ്ങൾ വിചിന്തനം ചെയ്യാൻ തയാറായില്ല. തെളിവില്ലെന്ന തന്റെ നിലപാടിൽനിന്നും ഒരുപടിയെങ്കിലും മുന്നോട്ടു പോകാൻ ഒരന്വേഷണ ഉദ്യോഗസ്ഥനും ഇതുവരെ കഴിഞ്ഞിട്ടില്ല. താൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം ഏറെ വേദനിപ്പിച്ചുവെന്നും വിൻസൻ എം. പോൾ പ്രതികരിച്ചു.