ചട്ടപ്രകാരമല്ലാതെ റെയ്ഡിനു വരുന്ന ഉദ്യോഗസ്ഥരെ കയറ്റരുതെന്ന് ധനമന്ത്രിയുടെ നിര്‍ദേശം
Tuesday, December 1, 2020 1:45 AM IST
തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന് പിന്നാലെ കര്‍ക്കശ നിലപാടുമായി ധനമന്ത്രി തോമസ് ഐസക്ക്.
ചട്ടപ്രകാരമല്ലാതെ റെയ്ഡിന് വരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ ശാഖകളില്‍ കയറ്റരുതെന്ന് ധനമന്ത്രി നിര്‍ദേശം നല്കി. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. വിജിലന്‍സ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതര്‍ മന്ത്രിയോട് പരാതിപ്പെട്ടു. പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം റെയ്ഡുകള്‍ കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു.
ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന ആകാം. എന്നാല്‍ അത് കെഎസ്എഫ്ഇ മാനേജ്മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണം. പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ ശാഖകളില്‍ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.