വിഎസ്എസ്സി മുൻ ഡയറക്ടർ എസ്. രാമകൃഷ്ണൻ അന്തരിച്ചു
Wednesday, December 2, 2020 12:34 AM IST
തിരുവനന്തപുരം: വിഎസ്എസ്സി മുൻ ഡയറക്ടർ പദ്മശ്രീ എസ്.രാമകൃഷ്ണൻ (71) അന്തരിച്ചു. പെരുന്താന്നി പോസ്റ്റ് ഓഫീസ് ലെയിൻ സിആർഎ 121 വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകോട്ട ശ്മശാനത്തിൽ. ഭാര്യ: അനുരാധ (റിട്ട. അധ്യാപിക, സർവോദയ വിദ്യാലയ നാലാഞ്ചിറ). മക്കൾ: ഹരിണി രാമകൃഷ്ണൻ, ശ്യാംസുന്ദർ. മരുമകൻ: ജേക്കബ്.
തമിഴ്നാട്ടുകാരനായ എസ്. രാമകൃഷ്ണൻ ചെന്നൈ ഗിണ്ടി എൻജിയറിംഗ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദവും മദ്രാസ് ഐഐടിയിൽ നിന്ന് ഒന്നാം റാങ്കോടെ എയ്റോനോട്ടിക്സിൽ എംടെക്കും നേടിയ ശേഷം 1972 ൽ ഐഎസ്ആർഒയിൽ ചേർന്നു. ഡോ.എപിജെ അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ സാറ്റലൈറ്റ് വെഹിക്കിൾ പദ്ധതിയായ എസ്എൽവി മൂന്നിന്റെ പ്രോജക്ട് ടീമിൽ അംഗമായി ഔദ്യോഗിക ജീവിതം തുടങ്ങി.
1996 മുതൽ 2002 വരെ പിഎസ്എൽവി പ്രോജക്ട് ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റോക്കറ്റിന്റെ വാഹകശേഷി 900 കിലോഗ്രാമിൽ നിന്നും 1,500 കിലോഗ്രാമിലേക്ക് ഉയർത്താൻ കഴിഞ്ഞു. പിഎസ്എൽവി സി 1,സി 2,സി 3, സി 4 പദ്ധതികളുടെ മിഷൻ ഡയറക്ടറായിരുന്നു. 2010 ൽ എൽപി എസ്സി ഡയറക്ടറായ അദ്ദേഹം 2013 ൽ വിഎസ്എസ്സി ഡയറക്ടറായി ചുമതലയേറ്റു.