മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, പരാതിയിൽ കഴന്പുണ്ടെന്നു കണ്ടതിനാലാണു സമിതിക്കു വിട്ടതെന്നു സ്പീക്കർ
Thursday, December 3, 2020 12:33 AM IST
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ചോർത്തിയെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരേ ഉയർന്ന പരാതിയിൽ കഴന്പുണ്ടെന്നു കണ്ടതിനാലാണ് അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. രണ്ടു പക്ഷത്തിന്റെ പരാതിയിലും വിശദീകരണത്തിലും അടിസ്ഥാന പരമായ ചില പ്രശ്നങ്ങളുണ്ട്. രണ്ടു പക്ഷത്തിന്റെയും ഭാഗം വിശദമായി കേട്ട ശേഷം മറുപടി തയാറാക്കാനാണ് സമിതിയുടെ പരിഗണനയ്ക്കു വിട്ടത്.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടില്ല, പരാതി എത്തിക്സ് കമ്മിറ്റിക്കു വിടാൻ തീരുമാനിച്ചത്. നിയമസഭാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ സ്പീക്കർ എടുത്ത നടപടിയാണിത്. വിമർശനങ്ങളിൽ സ്പീക്കർ അസഹിഷ്ണുവാകുമെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സ്പീക്കർ പ്രവർത്തിക്കുക മാത്രമാണു ചെയ്യുന്നതെന്നും പി. ശ്രീരാമകൃഷ്ണൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.