വാഗമണ്ണിലെ ജൈവമാലിന്യങ്ങൾ ഇനി മികച്ച വളമാകും
Saturday, December 5, 2020 12:39 AM IST
വാഗമണ്‍: റോഡരികിലും നീർച്ചാലുകളിലും അലസമായി പ്ലാസ്റ്റിക്ക് കൂടുകളിൽ കെട്ടി വലിച്ചെറിഞ്ഞിരുന്ന രീതിയോട് വാഗമണ്‍ ടൂറിസ്റ്റ് കേന്ദ്രം വിട പറയുന്നു. ഹരിതകേരളവുമായി ചേർന്ന് ഏലപ്പാറ പഞ്ചായത്ത് തുടങ്ങിയ ‘വഴികാട്ടാൻ വാഗമണ്‍’ പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകളിലൂടെ ഇവിടുത്തെ ജൈവമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കും. ഗുണനിലവാരമുള്ള ജൈവവളമായി ഉടൻ ഇതിനെ വിപണിയിലെത്തിക്കുന്നതിനാണ് ഹരിതകേരളം ലക്ഷ്യമിടുന്നത്.
അടുത്ത മാസം പകുതിയോടെ ആദ്യ പ്ലാന്റിൽ നിന്നും ജൈവവളം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ മുന്നൂറ് കിലോ ജൈവ വളം വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ ഏലപ്പാറയിലെ പച്ചക്കറി മാലിന്യം, ചിക്കൻ സ്റ്റാളുകളിലെ മാലിന്യം, ടൗണിലെ മറ്റ് കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടമുൾപ്പടെയുള്ള ജൈവമാലിന്യങ്ങൾ ഇവിടെ സുരക്ഷിതമായി സംസ്കരിക്കും.
ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഏലപ്പാറ മാർക്കറ്റിൽ രണ്ട് തുന്പൂർമൂഴി പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ നിക്ഷേപിച്ച് അതിനു മുകളിൽ ജൈവ ഇനോക്കുലം തളിച്ച് ദുർഗന്ധമില്ലാതെ സംസ്കരിച്ചെടുക്കുന്ന സംവിധാനമാണ് തുന്പൂർമൂഴി. ജൈവമാലിന്യം ശേഖരിക്കുന്നതിന് ഹരിത സേനാംഗങ്ങൾക്ക് പ്രതിദിനം വീടുകൾക്ക് അഞ്ച് രൂപയും സ്ഥാപനങ്ങൾക്ക് പത്ത് രൂപയുമാണ് നിരക്ക്. ദിവസം 500 രൂപ ഇത്തരത്തിൽ ലഭിക്കും.