കാരിത്താസ് എഡ്യുസിറ്റി നാടിനു സമർപ്പിച്ചു
Sunday, December 6, 2020 12:38 AM IST
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ സ്ഥാപിതമായ കാരിത്താസ് എഡ്യുസിറ്റി നാടിനു സമർപ്പിച്ചു. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ആശീർവദിച്ച ചടങ്ങിൽ ഫാർമസി കൗണ്‍സിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ബി. സുരേഷ് എഡ്യുസിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അതിരൂപത സഹായമെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കേരള ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, ജോയി കൊടിയന്തറ, കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത്, ഡോ. സാജൻ ജോസഫ്, സിസ്റ്റർ എൻ.എ. ഏലിക്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.
അഞ്ച് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കാരിത്താസ് എഡ്യുസിറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ സന്പൂർണ സ്റ്റീൽ സ്ട്രക്ചർ ബിൽഡിംഗാണ്. സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് കാരിത്താസ് കോളജ് ഓഫ് ഫാർമസിയുടെ സവിശേഷത. ആദ്യ ഘട്ടത്തിൽ കാരിത്താസ് കോളജ് ഓഫ് ഫാർമസിയാണ് എഡ്യുസിറ്റിയുടെ ഭാഗമാകുക. പിന്നീട് മറ്റ് കാരിത്താസ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ ഭാഗമാകും.