ഇടുക്കിയുടെ മനസ് കണ്ടേ അറിയാനാകൂ
Sunday, December 6, 2020 12:38 AM IST
ഇടുക്കി: കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി ഉൾപ്പെടെ 52 ഗ്രാമ പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന നഗരസഭകളും ഉൾപ്പെട്ട ഇടുക്കിയുടെ മനസറിയാൻ കാത്തിരുന്നേ മതിയാകൂ.
ഹൈറേഞ്ച് സംരക്ഷണ സമിതിയും മൂന്നാറിലെ പൊന്പിളൈ ഒരുമ പ്രസ്ഥാനവും ഇന്ന് പ്രബലമല്ലെന്നത് ഇടുക്കിയുടെ തെരഞ്ഞെടുപ്പു ചിത്രത്തിനു കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പുതിയ നിറം നൽകിയേക്കാം. പ്രകൃതിക്ഷോഭങ്ങൾ ഇരുമുന്നണികൾക്കും പ്രത്യേക പരിക്കുകൾക്കു കാരണമല്ലെങ്കിലും തെരഞ്ഞെടുപ്പിനുള്ള വേട്ടർമാരുടെ ആവേശത്തിനു കുറവു വരുത്തിയിട്ടുണ്ട്.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ എത്രമാത്രം വോട്ടിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് തെരഞ്ഞെടുപ്പുഫലം പുറത്തു വരുന്പോഴെ വ്യക്തമാകൂ. കഴിഞ്ഞ ഓഗസ്റ്റിൽ ഇടുക്കി ജില്ലയിൽ വാണിജ്യ നിർമാണങ്ങൾക്കു നിരോധനം ഏർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവും അത് വിവേചനമാണെന്ന ഹൈക്കോടതി ഉത്തരവുകളും അത് ശരിവച്ചുള്ള സുപ്രീംകേടതി ഉത്തരവും എത്രമാത്രം ഗൗരവത്തോടെ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കും.
കേരള കോണ്‍ഗ്രസുകൾക്ക് എന്നും നിർണായക സ്വാധീനമുള്ള ജില്ല എന്നനിലയിൽ യുഡിഎഫിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി വിഭാഗം എൽഡിഎഫ് ചേരിക്കൊപ്പം ചേർന്നത് എൽഡിഎഫിന് ആശ്വാസത്തിനു വക നൽകുന്നതാണ്. പി.ജെ. ജോസഫ് വിഭാഗം യുഡിഎഫിലായതിനാൽ ഭീഷണിയില്ലെന്നാണ് യുഡിഎഫിന്റെ വിശ്വാസം.
തികഞ്ഞ രാഷ്ട്രീയ വിരോധികളുടെ വോട്ടുനേടാൻ പല സ്ഥാനാർഥികളും സ്വതന്ത്ര ചിഹ്നം തെരഞ്ഞെടുത്തതും ഇവിടെ ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പൊന്പിളൈ ഒരുമയുടെയും സ്ഥാനാർഥികളുടെ പിൻതുണയോടെ പല ഗ്രാമ - ബ്ലോക്കു പഞ്ചായത്തുകളും എൽഡിഎഫ് പിടിച്ചിരുന്നു. ഇത്തവണ എൽഡിഎഫ് മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു ചോദിച്ച സീറ്റു മുഴുവൻ നൽകിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പുതിയ തന്ത്രമാണ്. പലയിടത്തും സിപിഎമ്മിനൊപ്പമോ അതിൽ കൂടുതലോ സീറ്റുകൾ കേരള കോണ്‍ഗ്രസിനു നൽകിയിട്ടുണ്ട്. ഇത് എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് എൽഡിഎഫ് ഉറ്റുനോക്കുന്നത്.
എൻഡിഎ മുന്നണിയും ഒട്ടുമിക്ക പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും വീറോടെ രംഗത്തുണ്ട്. തൊടുപുഴ, കട്ടപ്പന ഉൾപ്പെടെയുള്ള നഗരസഭകളിലും ഏതാനും ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞതവണ ബിജെപി അക്കൗണ്ട് തുറന്നിരുന്നു.
ജില്ലാ കൗണ്‍സിൽ മുതൽ ഇതുവരെ എൽഡിഎഫും യുഡിഎഫും ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ കാലവും എൽഡിഎഫായിരുന്നു ഭരണപക്ഷത്ത്. കഴിഞ്ഞ രണ്ടു തവണ ഭരണം യുഡിഎഫ് പിടിച്ചു. 25 ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫിനും 27 ഗ്രാമ പഞ്ചായത്തുകൾ എൽഡിഎഫിനുമായിരുന്നു. തൊടുപുഴ, കട്ടപ്പന നഗരസഭകൾ യുഡിഎഫ് പക്ഷത്തായി.
കെ.എസ്. ഫ്രാൻസിസ്