റിമാൻഡ് പ്രതിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം
Friday, January 15, 2021 1:42 AM IST
കോട്ടയം/കൊച്ചി: സാന്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവേ കോട്ടയം മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറന്പിൽ ഷെഫീഖി (35)ന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഷെഫീഖിന്റെ തലയുടെ പിൻഭാഗത്തു ചെറിയ മുറിവുണ്ട്. ഇടതുകണ്ണിന്റെ മേൽഭാഗത്ത് (നെറ്റിയിൽ) ഉണ്ടായ ആഴത്തിലുള്ള മുറിവ് മൂലം തലയ്ക്കകത്ത് രക്തസ്രാവം ഉണ്ടാകുകയും പിന്നീട് രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് മേധാവി ഡോ. രഞ്ജു രവീന്ദ്രൻ പറഞ്ഞു.
എന്നാൽ, മുറിവുണ്ടായത് മർദനം മൂലമാണോ, വീഴ്ച മൂലമാണോയെന്നത് വിശദമായ പരിശോധനയ്ക്ക് ശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മുറിവിന് പഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഷെഫീഖ് റിമാൻഡിൽ കഴിഞ്ഞ എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് എത്തി. ജയിൽ സൂപ്രണ്ട്, മറ്റു ജയിൽ ഉദ്യോഗസ്ഥർ എന്നിവരിൽനിന്നു വിശദമായ വിവരങ്ങൾ ശേഖരിച്ചു. മരണം പോലീസ് മർദനം മൂലമാണെന്ന പിതാവിന്റെ പരാതിയിലാണ് ഡിജിപി ജില്ലാ ജയിലിലെത്തിയത്.