ഏത് അന്വേഷണവും നേരിടാൻ തയാർ: ഉമ്മൻ ചാണ്ടി
Monday, January 25, 2021 1:49 AM IST
തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മൂന്നു വർഷം സോളാറിന്റെ പേരിൽ ഇടതുപക്ഷം സമരം നടത്തി. എന്തെല്ലാം കഥകളാണു കേസുമായി ബന്ധപ്പെട്ടുണ്ടായത്.
അഞ്ചു വർഷം ഭരിച്ചിട്ടും എന്തെങ്കിലും തെളിയിക്കാൻ കഴിഞ്ഞോ? ഹൈക്കോടതി വിധിക്കെതിരെ എന്തുകൊണ്ട് അപ്പീൽ പോയില്ല ? ചെയ്യാത്ത കുറ്റത്തിനു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
ഇതിനെതിരേ ഒരു നിയമനടപടിക്കും ഞങ്ങൾ പോയില്ല. ജനാധിപത്യ മൂല്യങ്ങളെ സർക്കാർ ചവിട്ടിമെതിക്കുകയാണ്. സർക്കാരിന്റെ നീക്കങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് ഇപ്പോൾ കേസ് സിബിഐക്കു വിട്ടത്. ഇതിനു ജനങ്ങളോടു മുഖ്യമന്ത്രിക്കു മറുപടി പറയേണ്ടി വരും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ല - ഉമ്മൻ ചാണ്ടി പറഞ്ഞു.