പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകം: ഐഎംഎ
Tuesday, January 26, 2021 12:42 AM IST
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ). മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രോഗികള്‍ ഉള്ളതും കോവിഡ് ഐസിയുകള്‍ നിറഞ്ഞു തുടങ്ങുന്നതും സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളും ജഗ്രതയും ഏര്‍പ്പെടുത്തേണ്ടതിന്റെ സൂചനയാണെന്നും ഐഎംഎ സയന്റിഫിക് അഡ്വൈസര്‍ ഡോ. രാജീവ് ജയദേവന്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ടി.വി. രവി, സെക്രട്ടറി ഡോ. അതുല്‍ മാനുവല്‍ എന്നിവര്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രതിദിന കണക്കുകളില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. നിരവധി വാണിജ്യ വ്യാപാര, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ജില്ലയിലുള്ളതിനാല്‍ മറ്റിടങ്ങളില്‍ നിന്നു വൈറസ് വീണ്ടും എത്തിപ്പെടാന്‍ ഇടയാകുന്നു.
ഒരു പ്രദേശത്തുള്ളവരില്‍ ഒരിക്കല്‍ രോഗം വന്നു ഭേദമായാല്‍ ‘ ഹേര്‍ഡ് ഇമ്യൂണിറ്റി’ ലഭിക്കുമെന്നും പിന്നീട് ആ ഭാഗത്തു രോഗം വരില്ല എന്ന ധാരണയും ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ ഒത്തു ചേരലുകള്‍ മാറ്റിവയ്ക്കേണ്ടതാണ്. മാസ്ക് നിര്‍ബന്ധമാക്കണം. പ്രായമായവരെ സംരക്ഷിക്കുകയും അവര്‍ക്ക് വാക്സിന് എത്തിച്ചു കൊടുക്കുന്നതിനും സൗകര്യമൊരുക്കണമെന്നും ഡോ. രാജീവ് ജയദേവന് പറഞ്ഞു.