ആരോഗ്യ വാഴ്സിറ്റിയിൽ ഒരുങ്ങുന്നു, പകർച്ചവ്യാധി ഗവേഷണ കേന്ദ്രം
Wednesday, February 24, 2021 12:58 AM IST
തൃശൂർ: പകർച്ചവ്യാധികൾ തടയാനുള്ള പഠനങ്ങൾക്ക് ആരോഗ്യ സർവകലാശാലയിൽ ഗവേഷണകേന്ദ്രം വരുന്നു. ലോകത്തെ ഒന്നാകെ തകർത്തുകളഞ്ഞ കോവിഡ് പോലുള്ള പകർച്ചവ്യാധികൾ ഇനിയും കൂടെക്കൂടെ ഭീഷണിയാകുമെന്ന ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പകർച്ചവ്യാധി ഗവേഷണത്തിനുള്ള കേന്ദ്രം തുടങ്ങുന്നത്.
ധനമന്ത്രി ഡോ. തോമസ് ഐസക് ജനുവരിയിൽ ആരോഗ്യ സർവകലാശാലാ ആസ്ഥാനം സന്ദർശിച്ച് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. നേരത്തെ സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മോഹൻ അടക്കമുള്ള വിദഗ്ധർ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു മുന്നിൽ ഈ നിർദേശം വച്ചിരുന്നു.
ഗവേഷണകേന്ദ്രത്തിനു ബജറ്റിൽ പ്രത്യേക തുകയൊന്നും നീക്കിവച്ചിട്ടില്ല. നിപ്പ വൈറസ് പോലുള്ള പകർച്ചവ്യാധികൾ നേരത്തേ കേരളത്തിനു ഭീഷണിയായിരുന്നു. പിറകേയാണ് കോവിഡ് പടർന്നത്. ഇത്തരം പകർച്ചവ്യാധികൾ പടരുന്നതു തടയാനുള്ള കർമപദ്ധതികൾ മുതൽ പ്രതിരോധ ഒൗഷധങ്ങൾ കണ്ടെത്തുന്നതു വരെയുള്ള വിപുലമായ ഗവേഷണങ്ങളാണ് ഈ ഗവേഷണ കേന്ദ്രത്തിൽ വിഭാവനം ചെയ്യുന്നത്.
ഫ്രാങ്കോ ലൂയിസ്