മന്നത്തു പത്മനാഭന്റെ 51-ാം ചരമവാർഷികം ഇന്ന്
Thursday, February 25, 2021 1:47 AM IST
ചങ്ങനാശേരി: നായർ സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ 51-ാമത് ചരമവാർഷികം ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കും. മന്നം അന്ത്യവിശ്രമംകൊള്ളുന്ന പെരുന്നയിലെ സമാധി മണ്ഡപത്തിൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർഥനയും പതിവുപോലെ നടക്കുന്നതാണ്.
രാവിലെ ആറുമുതൽ സമുദായാചാര്യൻ ദിവംഗതനായ 11.45വരെ നടക്കുന്ന ചടങ്ങിൽ എല്ലാ സമുദായാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും കോവിഡ്-19 നിബന്ധനകൾപാലിച്ചുകൊണ്ട് പങ്കെടുക്കാം.
മന്നംസമാധിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത സമുദായാംഗങ്ങൾ കരയോഗങ്ങളുടെയും താലൂക്ക് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ മന്നത്തിന്റെ ചിത്രത്തിനുമുന്നിൽ നിലവിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തി പ്രാർഥനാനിരതരായി ഉപവസിക്കും.
നായർ സർവീസ് സൊസൈറ്റിക്ക് രൂപംനൽകിയ വേളയിൽ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ആചാര്യസ്മരണയോടെ ചൊല്ലിയും ഏറ്റുചൊല്ലിയും ആയിരിക്കും ഉപവാസം അവസാനിപ്പിക്കുന്നതെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.