നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 50 ലക്ഷം നഷ്ടപരിഹാരം
Thursday, February 25, 2021 1:48 AM IST
തിരുവനന്തപുരം: തിരുനെല്ലി കാട്ടിൽ പോലീസ് വെടിയേറ്റു മരിച്ച നക്സൽ വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ. തോമസ്, എ. ജോസഫ് എന്നിവർക്ക് സെക്രട്ടറിതല സമിതി ശിപാർശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ തീരുമാനിച്ചു. 1970 ഫെബ്രുവരി 18നാണ് വർഗീസ് കൊല്ലപ്പെട്ടത്.
വർഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന് ഇതു സംബന്ധിച്ച് നിവേദനം നൽകാനായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. തുടർന്ന് സഹോദരങ്ങൾ നൽകിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
നക്സൽ വർഗീസിനെ വെടിവച്ചു കൊലപ്പെടുത്തിയതാണെന്ന കോണ്‍സ്റ്റബിൾ രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തലോടെയാണ് കേസ് വിവാദമായത്. തുടർന്ന് ഐജി ലക്ഷ്മണ അടക്കമുള്ള ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചിരുന്നു.