യുഡിഎഫ് നിലപാട് അക്രമം പ്രോത്സാഹിപ്പിക്കുന്നത്: എ. വിജയരാഘവൻ
Friday, April 9, 2021 2:27 AM IST
തൃശൂർ: കണ്ണൂരിലെ സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് നിലപാട് അക്രമം പ്രോത്സാഹിപ്പിക്കുന്നതാണെന്നു സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. സമാധാന ചർച്ചയിൽ എല്ലാവരും ഒന്നിച്ചുനിൽക്കുകയാണു വേണ്ടതെന്ന് അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു.
നിയമം കൈയിലെടുക്കാൻ സ്വീകരിച്ച നിലപാട് ശരിയായോ എന്നു യുഡിഎഫ് പരിശോധിക്കണം. അസാധാരണമായ പ്രതികരണങ്ങളാണ് യുഡിഎഫ് പ്രവർത്തകരിൽനിന്ന് ഉണ്ടാവുന്നത്. നേതൃത്വത്തിന്റെ പ്രതികരണം അതു പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ്. അക്രമങ്ങളിൽനിന്നു പിന്മാറാൻ അണികളോടു നേതൃത്വം നിർദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.