വോട്ടെണ്ണല്‍ ദിനത്തിലെ ആള്‍ക്കൂട്ടം; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും
Wednesday, April 21, 2021 12:39 AM IST
കൊച്ചി: നിയമസഭാ വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിനു റാലികളും ആഹ്ലാദ പ്രകടനങ്ങളും നടത്തുന്നതും ആളുകള്‍ കൂട്ടംകൂടുന്നതും തടയാന്‍ സര്‍ക്കാരിനും പോലീസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. കോട്ടയം സ്വദേശി എ.കെ. ശ്രീകുമാറാണു ഹര്‍ജി നൽകിയത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യം ഒന്നാകെ വീണ്ടും ലോക്ക്ഡൗണിലേക്കു പോകാനുള്ള സാധ്യതയേറെയാണെന്നും വോട്ടെണ്ണല്‍ ദിനത്തില്‍ അതിരുവിട്ടുള്ള ആഹ്ലാദപ്രകടനങ്ങളും കൂട്ടംചേരലും രോഗവ്യാപനം രൂക്ഷമാക്കുമെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലയുള്ള ഉദ്യോഗസ്ഥരും വോട്ടെണ്ണലില്‍ പങ്കെടുക്കേണ്ടവരുമൊഴികെ മറ്റാരെയും അനുവദിക്കരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ ഇവരോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രചാരണ പരിപാടികളാണു കേരളത്തിലെ കോവിഡ് വ്യാപനം ഇപ്പോള്‍ രൂക്ഷമാക്കിയതെന്നു ഹര്‍ജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പു സമയത്തുതന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രചാരണം നടത്തിയത്. നേതാക്കളും അണികളും മാസ്ക് ധരിക്കാതെയും ആളകലം പാലിക്കാതെയും റാലികളിലും മറ്റും പങ്കെടുത്തു. നിലവില്‍ ദിനംപ്രതി 14,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് രാഷ്ട്രീയ പ്രവര്‍ത്തകരടക്കമുള്ളവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൗണ്ടിംഗ് ബൂത്തുകള്‍ക്കു സമീപം തടിച്ചുകൂടുന്നതും ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നതും രോഗവ്യാപനം വര്‍ധിപ്പിക്കും. ഇത്തരം നടപടികള്‍ തടയണം.
ഈ വിഷയത്തില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ അധികൃതര്‍ നടപടിയെടുക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.