18 കഴിഞ്ഞവർക്കും വാക്സിൻ നൽകാൻ ധാരണയായി; മാർഗരേഖ ഉടൻ തയാറാക്കും
Tuesday, May 11, 2021 12:40 AM IST
തിരുവനന്തപുരം: സംസ്ഥാനം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം ഡോസ് വാക്സിൻ 18 നും 45 നും ഇടയിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്കു നൽകാൻ ധാരണയായി. സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദഗ്ധ സമിതി ഉടൻ യോഗം ചേർന്ന് ഇതിനുള്ള മാർഗരേഖ തയാറാക്കുമെന്നാണു വിവരം.
അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് ചികിത്സയിലുള്ളവർക്കും മറ്റു ഗുരുതര രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കുമാണ് ഈ വിഭാഗത്തിൽ മുൻഗണന. കോവിഡ് രോഗബാധ ഇവർക്കു ഗുരുതരമാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണു തീരുമാനം.
പൊതു സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടർമാർ, കടകളിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ, എന്നിവർക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകിയേക്കും. അതേസമയം, 18 കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം സംബന്ധിച്ച പ്രോട്ടോക്കോൾ കേന്ദ്രത്തിൽനിന്നു ലഭ്യമായിട്ടില്ല. മതിയായ അളവിൽ വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ ഇവർക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനം നിർത്തിവെച്ചിരിക്കുകാണ്.
വിദഗ്ധ സമിതി യോഗം ചേർന്ന് മാനദണ്ഡങ്ങൾ നിശ്ചയിച്ച ശേഷമാകും വാക്സിൻ രജിസ്ട്രേഷൻ പുനരാരംഭിക്കുക. രണ്ടാം ഡോസുകാർക്ക് ഏർപ്പെടുത്തിയ മാതൃകയിൽ ആശാവർക്കർമാർ വഴി സമയം ലഭ്യമാക്കുകയും വാക്സിൻ കേന്ദ്രങ്ങളിലെത്തി തത്സമയ രജിസ്ട്രേഷൻ നടത്തി വാക്സിൻ സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ സംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കോവിൻ പോർട്ടലിൽ സങ്കേങ്കതിക പ്രശ്നങ്ങൾ തുടരുന്നതിൽ രജസ്ട്രേഷൻ ഏെർപ്പടുത്തിയാൽ അതു വീണ്ടും പ്രയാസം സൃഷ്ടിക്കുമെന്നതിനാലുമാണ് സ്പോട്ട് രജിസ്ട്രേഷനെക്കുറിച്ച് ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും അന്തിമ രൂപരേഖയായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കേന്ദ്രത്തിൽനിന്നു സൗജന്യമായി ലഭിക്കുന്ന വാക്സിൻ 45 വയസ് കഴിഞ്ഞവർക്കു മാത്രമേ നൽകാവൂ എന്നാണു കേന്ദ്രനിർദേശം. ഇതിനാലാണ് സംസ്ഥാനം പണം കൊടുത്തു വാങ്ങുന്ന വാക്സിൻ എത്തും വരെ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിൻ വിതരണം സംബന്ധിച്ച തീരുമാനം വൈകിയത്.