ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരേ എൻഎസ്എസ്
Thursday, June 17, 2021 12:15 AM IST
ചങ്ങനാശേരി: കോവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത സർക്കാർ നടപടി ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ആരാധനാലയങ്ങൾ തുറക്കുന്നതിൽ അനുമതി ഇനിയും നൽകാത്ത സർക്കാർ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യംചെയ്യുന്നതാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. തുറക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഓരോയിടത്തും വിശദമായി നൽകിയിട്ടുണ്ട്. മദ്യശാലകൾ വരെ തുറക്കാൻ സർക്കാർ തീരുമാനമെടുത്തു.
എന്നാൽ, ആരാധനാലയങ്ങൾ തുറക്കരുതെന്ന നിലപാട് പുനർചിന്തനം ചെയ്യണമെന്നും നിയന്ത്രിതമായ തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.