പി.ടിക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കേസിന് കിറ്റെക്സ്
Wednesday, June 23, 2021 12:08 AM IST
കൊച്ചി: കിറ്റെക്സ് കമ്പനിക്കെതിരേ തുടര്‍ച്ചയായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി.ടി. തോമസ് എംഎല്‍എയ്ക്കെതിരേ നൂറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ് അയച്ചതായി എംഡി സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ് എന്നീ മൂന്നു കമ്പനികള്‍ ചേര്‍ന്നാണു വക്കീല്‍ നോട്ടീസ് അയച്ചത്. പി.ടി. തോമസ് ഉന്നയിച്ച നിരവധിയായ ആരോപണങ്ങളില്‍ ഗുരുതരമായ അഞ്ചെണ്ണത്തിന് തെളിവു ഹാജരാക്കാന്‍ ഏഴു ദിവസം നല്‍കിയിരുന്നു. എന്നാല്‍ ഒരു ചോദ്യത്തിനു പോലും യാതൊരു തെളിവും നിയമപരമായി ഹാജരാക്കാന്‍ എംഎല്‍എക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അപകീര്‍ത്തികരമായ ആരോപണങ്ങളുടെ പേരില്‍ സിവിലായും ക്രിമിനലായും നിയമനടപടികൾ സ്വീകരിക്കുന്നതെന്നു സാബു പറഞ്ഞു.