ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസുകാരിയുടെ മരണം കൊലപാതകം; യുവാവ് അറസ്റ്റിൽ
Tuesday, July 6, 2021 12:34 AM IST
വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 30-നാണ് എസ്റ്റേറ്റ് ലയത്തിലെ മുറിക്കുള്ളിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയത്.
വാഴക്കുല കെട്ടിയിടുന്ന കയറിൽ ഷാൾ ഉപയോഗിച്ച് കുട്ടിയെ പ്രതിയായ അർജുൻ (21) കെട്ടിത്തൂക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി കണ്ടെ ത്തിയതിനെതുടർന്നാണ് പോലീസ് അർജുനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ തെളിവെടുപ്പിനായി ലയത്തിൽ വൻ പോലീസ് സുരക്ഷയിലാണ് എത്തിച്ചത്. നാട്ടുകാർ അക്രമാസക്തരായതോടെ വേഗം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് സംഘം മടങ്ങുകയായിരുന്നു.
കുട്ടിയെ കെട്ടിത്തൂക്കിയത് ജീവനോടെ
കൃത്യം നടന്ന ദിവസം ലയത്തിലുള്ള ആണ്കുട്ടികൾ മുഴുവൻ മുടിവെട്ടുന്നതിനായി ലയത്തിന്റെ മറുവശത്ത് ഒത്തുചേർന്നിരുന്നു. ഇതിനിടയിൽ ആരുമറിയാതെ കുട്ടിയുടെ അടുത്തെത്തിയ അർജുൻ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കി ബലമായി പീഡനത്തിനിരയാക്കി. ഇതിനിടെ ബോധരഹിതയായി കുട്ടി നിലത്തുവീണു. കുട്ടി മരിച്ചെന്നുകരുതി പരിഭ്രാന്തനായ അർജുൻ കട്ടിലിൽ കിടന്ന ഷാൾ ഉപയോഗിച്ച് വാഴക്കുല കെട്ടിയിടുന്ന കയറിൽ കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു.
ഷാൾ കഴുത്തിൽ മുറുകിയപ്പോൾ കുട്ടി പിടച്ച് കണ്ണ് പുറത്തേക്ക് തള്ളിവന്നെങ്കിലും അർജുൻ കുട്ടി മരിക്കുന്നതുവരെ അവിടെ നിന്നു. പിന്നീട് കുട്ടിയുടെ കണ്ണുകൾ തിരുമ്മി അടച്ചശേഷം ആർക്കും സംശയം തോന്നാതിരിക്കാൻ ലയത്തിനുപിന്നിലെ ചെറിയ ജനാലയിലൂടെ പുറത്തുകടന്ന് കൂട്ടുകാർക്കൊപ്പം ചേരുകയായിരുന്നു.