വയോജനങ്ങൾക്കുള്ള ആഗോള ദിനാചരണം നാളെ
Saturday, July 24, 2021 12:59 AM IST
കൊച്ചി: മുത്തശിമാര്‍, മുത്തച്ഛന്മാര്, മറ്റു വയോധികര്‍ എന്നിവര്‍ക്കുള്ള പ്രഥമ ആഗോള ദിനാചരണം നാളെ.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ചുള്ള ദിനാഘോഷം സീറോ മലബാര്‍ സഭയിലും ആചരിക്കും. സഭയുടെ കുടുംബത്തിനും അല്മായര്ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ നേതൃത്വത്തിലുള്ള ദിനാചരണം ഓണ്‍ലൈനില്‍ ഇന്നു വൈകുന്നേരം ആറിനു നടക്കും.
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിനഡല്‍ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി മൂലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സഭയിലെ എല്ലാ രൂപതകളില്‍നിന്നും വയോധികരുടെ പ്രതിനിധികള്‍ യോഗത്തിലുണ്ടാകും. ആഗോള ദിനാചരണം സഭയിലെ എല്ലാ രൂപതകളിലും നാളെ പ്രത്യേക പരിപാടികളോടെ നടത്തും.
ഈശോയുടെ മുത്തശ്ശീ മുത്തച്ഛന്മാരായ അന്നയുടെയും ജൊവാക്കിമിന്റെയും തിരുനാള്‍ ദിനമായ ജൂലൈ 26നോടു ചേര്‍ന്നുള്ള ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ഈ ദിനാചരണം നടക്കുന്നത്.