വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍നിന്ന് 16 കിലോ വെള്ളിയും നാലരലക്ഷം രൂപയും കവര്‍ന്നു
Tuesday, July 27, 2021 12:56 AM IST
മഞ്ചേശ്വരം: വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍നിന്ന് 16 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയോരത്ത് ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 10.68 ലക്ഷം രൂപ വിലമതിക്കുന്ന 16 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍, നാലര ലക്ഷം രൂപ, ഏതാനും ആഡംബര വാച്ചുകള്‍ എന്നിവയുള്‍പ്പെടെ 16 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണു നഷ്ടപ്പെട്ടതെന്ന് ജ്വല്ലറി ഉടമ കെ.എം. അഷ്റഫ് പറഞ്ഞു.
മുഖം മറച്ച് കൈയുറകള്‍ ധരിച്ചെത്തിയ ഏഴംഗസംഘം കാവല്ക്കാരന് അബ്ദുള്ളയെ അടിച്ചുവീഴ്ത്തിയശേഷം കൈകാലുകള്‍ കെട്ടിയിടുകയായിരുന്നു. ഇയാളുടെ കണ്ണിനു താഴെ ഭാരമുള്ള വസ്തുകൊണ്ട് ഇടിയേറ്റ നിലയിലാണ്. അബ്ദുള്ളയെ സാരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചു കിലോയോളം സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിക്കകത്തുതന്നെ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. കവര്‍ച്ചാസംഘം ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുണ്ട്. പുലര്‍ച്ചെ മൂന്നരയോടെ അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലെ കാവല്‍ക്കാരനാണ് അബ്ദുള്ളയെ ജ്വല്ലറിയുടെ പിന്നില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്. അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം.