ആനിരാജയെ ന്യായീകരിച്ചും വിമർശിച്ചും നേതാക്കൾ; മന്ത്രിമാർ പാർട്ടിക്കു ഗുണകരമാകണമെന്നു സിപിഐ
Saturday, September 11, 2021 12:32 AM IST
തിരുവനന്തപുരം: മന്ത്രിമാർ സർക്കാരിനു മാത്രമല്ല പാർട്ടിക്കും ഗുണകരമാകണമെന്നു സിപിഐ സംസ്ഥാന കൗണ്‍സിൽ. മുൻകാലങ്ങളിൽ പാർട്ടിക്കു വിധേയമായി പ്രവർത്തിക്കേണ്ടിയിരുന്ന മന്ത്രിമാർ പലപ്പോഴും സിപിഎമ്മിനു വിധേയമായി പ്രവർത്തിച്ചവരാണ്.
പാർട്ടി ഘടകങ്ങളിൽ വിമർശനം വന്നപ്പോഴും നേതാക്കളായ മന്ത്രിമാർ തിരുത്താൻ തയാറായില്ല. പാർട്ടി മന്ത്രിമാരുടെ വകുപ്പുകളിൽ അനാവശ്യമായി മറ്റു ഇടപെടലുകൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം ജാഗ്രത പാലിക്കണമെന്നും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ പറഞ്ഞു.
രണ്ടു മാസത്തിലൊരിക്കൽ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തണം. ഇടതുമുന്നണിയും സർക്കാരിന്റെ പ്രവർത്തനം പരിശോധിക്കണം. തുടർഭരണം ലഭിച്ചുവെന്നു കരുതി എതിരാളികളുടെ ശക്തി കുറച്ചു കാണരുത്. ബിജെപി ചില ജില്ലകളിൽ രാഷ്ട്രീയമായി ശക്തിയാർജിച്ചിട്ടുണ്ട്. ഇക്കാര്യം പാർട്ടി ഗൗരവമായി കാണണമെന്നും സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ പറഞ്ഞു.
സംസ്ഥാന പോലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നൂവെന്ന പാർട്ടി കേന്ദ്ര എക്സിക്യുട്ടീവ് അംഗം ആനി രാജയുടെ പരാമർശം കൗണ്‍സിലിൽ ചർച്ചയ്ക്കു വന്നു. ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ആനി രാജയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു.
ആനി രാജയുടെ പരാമർശത്തെ വിവാദമാക്കേണ്ടതില്ലെന്ന അഭിപ്രായത്തിനായിരുന്നു സംസ്ഥാന കൗണ്‍സിലിൽ മുൻതൂക്കം. പോലീസിന്റെ പ്രവർത്തനത്തെ സിപിഐ നേരത്തേയും വിമർശിച്ചിരുന്നു. പോലീസ് ഇപ്പോഴും മാറിയിട്ടില്ല. ഇക്കാര്യമാണു ആനിരാജ ചൂണ്ടിക്കാണിച്ചതെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
പാർട്ടി ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞതു സ്വാഭാവികമായും സിപിഐയുടെ അഭിപ്രായമാണ്. അതിനെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും നേതാക്കൾ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിൽ ഇന്നും തുടരും.