ബിഷപ് ഉദ്ദേശിച്ചത് എന്തെന്നു വ്യക്തമല്ല: മുഖ്യമന്ത്രി
Saturday, September 11, 2021 12:54 AM IST
തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗവുമായി ബന്ധപ്പെട്ടു പാലാ ബിഷപ് എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ വലിയ സ്വാധീന ശക്തിയുള്ള ബിഷപ്പാണ് അദ്ദേഹം.
നർക്കോട്ടിക് ജിഹാദ് എന്ന പദം താൻ ആദ്യമായാണു കേൾക്കുന്നത്. ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നം ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല.
സമൂഹത്തെ മൊത്തം ബാധിക്കുന്നതാണ്. ഇക്കാര്യത്തിൽ നാം ആകെ ഉത്കണ്ഠാകുലരാണ്. തടയാൻ ആവശ്യമായ നിയമ നടപടികൾ ശക്തിപ്പെടുത്തുന്നത് ഇതിന്റെ ഭാഗമായാണ്. മതത്തിന്റെ നിറമല്ല, സാമൂഹിക വിരുദ്ധതയുടെ നിറമാണ് ഇവിടെ തടയേണ്ടത്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മതപരമായ വേർതിരിവും ചേരിതിരിവും ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.